തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴ നീർക്കുന്നം സ്വദേശികളായ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വിദേശ ജോലിക്കായി തയ്യാറെടുക്കുന്നതിനിടെ ബെംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസം മുമ്പാണ് നഴ്സായ ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുമ്പ് രോഗലക്ഷണങ്ങൾ പ്രകടമായതോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വീണ്ടും അസുഖം ശക്തമായതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. അവിടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടൽ, മുങ്ങൽ എന്നിവ ഒഴിവാക്കുക.
- നീന്തുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ മൂക്ക് വിരലുകൾ കൊണ്ട് മൂടുകയോ ചെയ്യുക.
- ശുദ്ധീകരിക്കാത്ത വെള്ളത്തിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ നിലനിർത്താൻ ശ്രമിക്കുക.
- ജലാശയങ്ങളിൽ ചെളി കുഴക്കൽ, അടിത്തട്ട് കലക്കൽ എന്നിവ ഒഴിവാക്കുക.
- നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശരിയായ ക്ലോറിനേഷൻ നടത്തി പരിപാലിക്കണം; രേഖകളും സൂക്ഷിക്കണം.
- സ്പ്രിങ്ക്ലർ, ഹോസ് എന്നിവയിൽ നിന്നുള്ള വെള്ളം മൂക്കിനുള്ളിൽ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
- തിളപ്പിച്ച് ശുദ്ധീകരിക്കാത്ത വെള്ളം ഒരിക്കലും മൂക്കിൽ ഒഴിക്കരുത്.
- കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും വെള്ളം മൂക്കിലേക്ക് പോകാതിരിക്കാൻ ജാഗ്രത പാലിക്കുക.
- പൊതു ജലാശയങ്ങൾ മലിനമാകാതിരിക്കാൻ മാലിന്യങ്ങൾ ഒഴുക്കുന്നത് ഒഴിവാക്കണം.
- ജലസംഭരണി ടാങ്കുകൾ മൂന്ന് മാസത്തിലൊരിക്കൽ വൃത്തിയാക്കണം.
- പ്രതിരോധശേഷി കുറഞ്ഞവർ മുറിവുകൾ കഴുകാൻ ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ.




