തിരുവനന്തപുരം: ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോധനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വഴികാട്ടിയും ജ്യേഷ്ഠസഹോദരനാണെന്നും കൂട്ടിച്ചേർത്തു. പൊതുപ്രവർത്തനമെന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ തലങ്ങളിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. കേരള കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ഡിജോ കാപ്പൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആർക്ക് മുന്നിലും ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത അസാമാന്യമായ പോരാട്ടവീര്യമായിരുന്നു ഡിജോ കാപ്പന്റെ മുഖമുദ്ര. സ്വതന്ത്രമായി ജനകീയ വിഷയങ്ങളിൽ ഇടപെടാനാണ് അദ്ദേഹം പിന്നീട് താല്പര്യം കാണിച്ചത്. അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കേരളം എന്നും ഓർക്കുമെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.




