തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചു തുടങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അടക്കം സംസ്ഥാനത്തെ ഒരുവിധം ജയിലുകളിലെ അടുക്കള കാലിയായി തുടങ്ങി. ഇതോടെ തടവുകാര്‍ ഉണ്ടാക്കി പുറത്തുവില്‍ക്കുന്ന ഭക്ഷണങ്ങളില്‍ ചിലത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജയില്‍ വകുപ്പിന്റെ ‘ഫുഡ് ഫോണ്‍ ഫ്രീഡം’ ഫുഡ് കൗണ്ടറുകളില്‍ ലഭിക്കുന്ന ഭക്ഷണത്തില്‍ കുറവ് വന്നുതുടങ്ങും.
ഏജന്‍സികള്‍ പാചകവാതക സിലിണ്ടറുകള്‍ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനല്‍കുന്നത് കുറയ്ക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ പുറത്തുവില്‍ക്കുന്ന ഭക്ഷണം ചപ്പാത്തിയും കറികളും മാത്രമായി ജയില്‍ അധികൃതര്‍ പരിമിതപ്പെടുത്തി. ഇനിയും സിലിണ്ടറുകള്‍ കുറച്ചാല്‍ പൂര്‍ണമായും ഭക്ഷണവിതരണം നിര്‍ത്താനാണ് തീരുമാനം. നിലവില്‍ ജയിലിനുള്ളിലെ ഭക്ഷണത്തില്‍ കുറവ് വരുത്തില്ല.






