മുംബൈ: പശ്ചിമേഷ്യന്‍ യുദ്ധം അന്ത്യമില്ലാതെ തുടരുന്നതിനിടെ ആശങ്കയായി എണ്ണവില. ഇറാഖിലെ ഘോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപം യുഎസ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെ ആഗോള എണ്ണവില വീണ്ടും ഉയര്‍ന്നു. ഹോര്‍മൂസ് കടലിടുക്ക് അടച്ചതിന് പിന്നാലെ എണ്ണവില മുകളിലേക്ക് തന്നെയാണ്.
നിലവില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 4.47 ഡോളര്‍ അഥവാ 4.86 ശതമാനം ഉയര്‍ന്ന് 96.45 ഡോളറിലെത്തി. തിങ്കളാഴ്ച അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറിലെത്തിയിരുന്നു. ഇത് 2022ന് ശേഷമുള്ള എറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ഇറാന്‍ സൈനിക കമാന്‍ഡ് വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി ബുധനാഴ്ച അമേരിക്കയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയില്‍ എണ്ണവില ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീപ്പയ്ക്ക് 200 ഡോളര്‍ വരെ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.






