ന്യൂഡല്‍ഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 9നാണ് കേരളത്തിലെ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായിട്ടാകും നടക്കുക. മെയ് 4ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വെബ് കാസ്റ്റിങ് ഉണ്ടായിരിക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ്ഐആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2,71,11,856 പേരാണ് ആകെ വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.






