കൊല്ലം: ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർച്ചയെ തുടർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോറിക്ഷയും വെള്ളത്തിൽ ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30ഓടെ കളപ്പില വേട്ടക്കോട് നിരപ്പുവിള പ്രദേശത്തായിരുന്നു സംഭവം.
ഓയൂർ–കൊട്ടിയം ഭാഗങ്ങളിലേക്കും ചെന്നാപ്പാറ, കളപ്പില, നിരപ്പുവിള എന്നിവിടങ്ങളിലേക്കും വെള്ളം എത്തിക്കുന്ന കനാലിന്റെ ഏകദേശം നൂറ് മീറ്റർ ഭാഗമാണ് തകർന്നത്. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് മാറി സമീപത്തെ വയലുകളിലേക്ക് അതിവേഗം കുത്തിയൊഴുകി. പ്രദേശത്ത് വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.
ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിലാഴ്ന്നു. ആയിരക്കണക്കിന് വാഴച്ചെടികൾ പൂർണമായും നശിച്ചു. സംഭവവിവരം അറിഞ്ഞ് സ്ഥലത്തെത്തിയവരുടെ വാഹനങ്ങളാണ് ഒഴുക്കിൽപ്പെട്ടത്.
പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി കനാലിന് സമീപം ഉണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റി. കനാലിന്റെ ഭാഗങ്ങൾ ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കൊട്ടാരക്കര സദാനന്ദപുരത്തെ അനുബന്ധ കനാൽ അടച്ചതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറയുകയായിരുന്നു.






