യുഡിഎഫിനെ സംബന്ധിച്ച് ഒരിക്കലും തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ് സീറ്റ് തര്‍ക്കങ്ങളും ഗ്രൂപ്പ് പോരുകളും. ഒരെണ്ണം പരിഹരിച്ച് വരുമ്പോഴായിരിക്കും മറ്റൊരു മണ്ഡലത്തില്‍ പുതിയ തര്‍ക്കം ഉടലെടുക്കുന്നത്. ഘടകകക്ഷികളെ പിണക്കാതെ കൂടെ നിര്‍ത്താനുള്ള തന്ത്രപ്പാടില്‍ സ്വന്തം പ്രവര്‍ത്തകരുടെ അസ്വാരസ്യങ്ങള്‍ വേറെ. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഉടനെയൊന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാവില്ലെന്ന നിലയിലാണ് നേതൃത്വവും. യുഡിഎഫില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളവെ ചടയമംഗലം സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്.
പുനലൂരും ചടയമംഗലം സീറ്റുമാണ് വിഷയം. പുനലൂരിന് പകരം ചടയമംഗലം സീറ്റ് കോണ്‍ഗ്രസ് നേതൃത്വം വിട്ടുനല്‍കിയെന്ന് ലീഗ് നേതാക്കള്‍ അവകാശപ്പെടുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സലാമിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുമെന്നും ലീഗ് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ ഇത് തള്ളുകയാണ് കോണ്‍ഗ്രസ്. അന്തിമ തീരുമാനമായിട്ടില്ലെന്നും സീറ്റുകള്‍ വച്ച് മാറുന്നത് സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ ചില ധാരണകള്‍ മാത്രമാണുണ്ടായതെന്നും ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് പറയുന്നു.
ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുമെങ്കില്‍ ജില്ലാ ജനറല്‍ സെക്രട്ടി സുല്‍ഫിക്കര്‍ സലാം മത്സരിക്കും. തുടര്‍ച്ചയായി പരാജയപ്പെടുന്ന പുനലൂര്‍ വേണ്ടെന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. ആദ്യം ഇരവിപുരം ആവശ്യപ്പെട്ടിരുന്നെങ്കിലും ആര്‍എസ്പി വിട്ടു നല്‍കിയില്ല. ഇതോടെയാണ് ചടയമംഗലമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ച് നില്‍ക്കുന്നത്.
എന്നാല്‍ ഈ സമവായവും തീരുമാനത്തിലെത്താന്‍ സാധ്യത കുറവാണ്. കാരണം ചടയമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്നതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍ ശക്തമായി രംഗത്തെത്തി. ചടയമംഗലം സീറ്റ് ലീഗിനു നല്‍കുന്നത് നീതികേടാണ്. കോണ്‍ഗ്രസ് നേതൃത്വം എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. തന്നോട് അങ്ങനൊരു നീതികേട് കോണ്‍ഗ്രസ് നേതൃത്വം കാണിക്കില്ലെന്ന് വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സീറ്റ് തനിക്കുള്ളതാണെന്നാണ് നസീര്‍ വാദിക്കുന്നത്. അതിനിടെ പുനലൂരില്‍ യഡിഎഫിന് പെന്തക്കോസ്ത് വിഭാഗത്തില്‍ നിന്നൊരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്.
എന്നാല്‍ ട്വിസ്റ്റ് ഇതിലൊന്നും അവസാനിക്കുന്നില്ല. ചടയമംഗലം സീറ്റിനുവേണ്ടി നസീറിന് പുറമെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും രംഗത്തുണ്ട്. ഇനി പുനലൂരിന്റെ കാര്യത്തിലേക്ക് വന്നാല്‍, സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ സ്ഥാനാര്‍ഥിയാകാന്‍ മോഹിച്ച് നിലവില്‍ രംഗത്തുള്ളത് ഒന്നും രണ്ടുമല്ല, മൂന്ന് പേരാണ്. കെപിസിസി ജനറല്‍ സെക്രട്ടറി സൈമണ്‍ അലക്സ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഏരൂര്‍ സുഭാഷ്, സജ്ജയ്ഖാന്‍ എന്നിവരാണ് സീറ്റിന് വേണ്ടി ചരടുവലിക്കുന്നത്.
കൊല്ലം ജില്ലയില്‍ പ്രശ്‌നങ്ങള്‍ ഏറെയാണ് കോണ്‍ഗ്രസിന് പരിഹരിക്കാന്‍. പ്രഖ്യാപനത്തിനു മുന്പു തന്നെ കൊല്ലം മണ്ഡലത്തില്‍ സ്വയം സ്ഥാനാര്‍ഥിയായി രംഗത്തുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായിട്ടുണ്ട്. മണ്ഡലത്തില്‍ ഒരു തരത്തിലും സാന്നിധ്യമില്ലാത്ത ഫോര്‍വേഡ് ബ്ലോക്കിന് ചാത്തന്നൂര്‍ നല്‍കാന്‍ തീരുമാനിച്ചതും കടുത്ത പ്രതിഷേധത്തിന് വഴിതുറന്നിട്ടുണ്ട്.
ഈ പോരുകളെയെല്ലാം മറികടന്ന് ഇതിലൊരു സീറ്റ് ലീഗിന് കൊടുക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് തീരാതലവേദനയാകും. എല്‍ഡിഎഫ് ഏകദേശം പൂര്‍ണമായും എന്‍ഡിഎ ആദ്യ ഘട്ട ലിസ്റ്റും പുറത്ത് വിട്ട് പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് എന്നിരിക്കെ ഏതൊക്കെ മണ്ഡലങ്ങളില്‍ ആരെയൊക്കെ നിര്‍ത്തും എന്ന് പോലും തീരുമാനമാകാത്ത അവസ്ഥ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. യുഡിഎഫില്‍ സീറ്റ് വിഭജനം നീളുന്നതില്‍ ഘടകകക്ഷികള്‍ അതൃപ്തിയിലാണ്. ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.ഇതുവരെ 36 സീറ്റുകളില്‍ മാത്രമാണ് ഒറ്റപേരിലേക്ക് എത്തിയത്.






