കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍. പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിക്ക് ഉള്ളതും സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്ന് ജാതി പ്രിവിലേജാണെന്ന് ദിനു വെയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
വൈക്കത്ത് നിന്നും കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്ന സണ്ണി കപിക്കാടിന് സീറ്റുണ്ടായിരുന്നില്ല. കെ ബിനിമോനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. സി കെ ജാനുവിനും സീറ്റ് നല്‍കിയില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്ന് സണ്ണി എം കപിക്കാട് പ്രതികരിച്ചു.






