കൊച്ചി: സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ തയാറെടുത്തു കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് വിശ്വാസം മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എൽദോസ് വ്യക്തമാക്കി. പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് കൂട്ടിച്ചേർത്തു. ഡൽഹിയിൽനിന്ന് മടങ്ങി എത്തിയ ശേഷമാണ് പ്രതികരണം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയ്ക്ക പകരം പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട് . എന്നാൽ, വി.ഡി. സതീശന്റെ വിശ്വസ്തൻ കൂടിയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് തന്നെയാണ് സാധ്യത ഏറെയും.
ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതാണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിലങ്ങ് തടിയായത് . മാർച്ച് 26-ന് ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ഹൈക്കമാൻഡ് എൽദോസിന് സ്ഥാനാർഥിത്വം നിഷേധിച്ചത് . കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കളും എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരേ ശ്കതമായി എതിർത്തു .
തിങ്കളാഴ്ച വൈകീട്ടുവരെ എൽദോസ് കുന്നപ്പിള്ളിക്ക് പെരുമ്പാവൂരിൽ മത്സരിക്കാനുള്ള സാധ്യതകൾ നിലനിന്നിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെയും ഷിയാസിന്റെയും പേരുകളാണ് കോൺഗ്രസ്സ് സ്ക്രീനിങ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. സ്ക്രീനിങ് കമ്മിറ്റിയിലെ ചിലർ എൽദോസ് കുന്നപ്പിള്ളിക്ക് ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു . പിന്നീട് ചേർന്ന സ്ക്രീനിങ് കമ്മിറ്റിയിലാണ് എൽദോസിനെ വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടത് ഇല്ലെന്ന് തീരുമാനമെടുത്തത് .






