കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിട്ട ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഭിന്നത ഉയരുന്നു. കെപിസിസി അംഗവും ഡിസിസി സെക്രട്ടറിയുമായ കൊയ്യം ജനാർദ്ദനൻ മണ്ഡലത്തിൽ മത്സരിക്കാൻ രംഗത്തെത്തി. ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് കൊയ്യം ജനാർദ്ദനൻ അറിയിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളായ അദ്ദേഹം മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പും പയ്യന്നൂരും ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനം ചില കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ടാക്കിയിട്ടുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച വി.പി. അബ്ദുൾ റഷീദ് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞിരുന്നു. തോൽവിക്കുശേഷവും മണ്ഡലത്തിൽ പ്രവർത്തനം തുടരുകയും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ തവണ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനും അബ്ദുൾ റഷീദിനെ ധർമടം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനുമാണ് തീരുമാനം എടുത്തത്.






