കണ്ണൂര്‍: പയ്യന്നൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം. പ്രാദേശിക ഘടകം നേതൃത്വത്തിന് വഴങ്ങി. മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. സിപിഐഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാന്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു .
കഴിഞ്ഞ ദിവസങ്ങളില്‍ അനുനയത്തിനായി ഡിസിസി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയിരുന്നില്ല. വി കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതും പയ്യന്നൂര്‍ പോലെ പാരമ്പര്യമുളള മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സീറ്റില്ലാതായതുമായിരുന്നു പ്രാദേശിക ഘടകത്തെ ചൊടിപ്പിച്ചത്. ഇതോടെ കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കില്ലെന്ന തീരുമാനത്തിലെത്തി .
കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥിയുണ്ടാകും എന്ന തരത്തിലുളള വാര്‍ത്തകളും പുറത്തുവന്നിരുന്നു. വി കുഞ്ഞികൃഷ്ണന്‍ യുഡിഎഫ് പ്രാദേശിക നേതൃത്വവുമായി സഹകരിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സമവായത്തിലേക്ക് കാര്യങ്ങളെത്തി . വി കുഞ്ഞികൃഷ്ണന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കും .






