കോഴിക്കോട്: മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക്. പാണക്കാട് എത്തി അംഗത്വം സ്വീകരിക്കും . മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. 2016-21-ല്‍ കൊടുവളളി എംഎല്‍എയായിരുന്നു. 2021-ല്‍ എം കെ മുനീറിനോട് പരാജയപ്പെട്ടു. എന്നാല്‍ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു.
നിലവില്‍ സംസ്ഥാന മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ് കാരാട്ട് റസാഖ്. കൊടുവള്ളിയിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി റസാഖ് എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം മത്സരരംഗത്തുനിന്നും പിന്മാറാനുള്ള തീരുമാനത്തിലായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം വീണ്ടും ലീഗിലേക്ക് തിരിച്ചെത്തുന്നത്.






