ഇടുക്കി: കട്ടപ്പനയിൽ കവാസാക്കി എന്ന അപൂർവ രോഗം കട്ടപ്പന സഹകരണ ആശുപത്രി കണ്ടെത്തി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ ഒന്നര വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു.
പനി മാത്രം തുടർച്ചയായി വരികയും കണ്ണ് ചുവക്കൽ, കഴുത്തുവീക്കം, കൈകാലുകളിൽ നീർ, ചുണ്ടും നാവും ചുവക്കൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്തതിനെ അടിസ്ഥാനമാക്കി നാലാം ദിവസത്തിൽ തന്നെ രോഗം സംശയിച്ച് കുട്ടിയെ റഫർ ചെയ്തു. രക്തപരിശോധനകളിലൂടെ കണ്ടെത്താനാകാത്ത ഈ രോഗം ലക്ഷണങ്ങൾ വഴിയാണ് തിരിച്ചറിയുന്നത്.
ഹൃദയധമനികളെ ബാധിച്ച് ഗുരുതരാവസ്ഥയിലേക്കെത്താൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി ചികിത്സ നൽകി. ഏകദേശം 60,000 രൂപ വിലവരുന്ന ഐവി മരുന്ന് 12 മണിക്കൂറിൽ നൽകി. സമയബന്ധിത ഇടപെടലിലൂടെ കുട്ടി രോഗമുക്തയായി വീട്ടിലെത്തി.






