കേരളത്തില്‍ സൂര്യന്റെ ചൂടിനൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂട് കൂടി ഏറ്റുതുടങ്ങിയതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി രംഗം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ആരും പിന്നിലല്ല, അടിയൊഴുക്കിന്റെ ഡീല്‍ അന്വേഷിക്കുന്ന തിരക്കിലാണ് മൂന്ന് മുന്നണികളും.
ഡീല്‍ പോരില്‍ ആദ്യ വെടി പൊട്ടിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പാലക്കാട് യു.ഡി.എഫിന്റെ വോട്ടുഭിന്നിപ്പിക്കാനുള്ള സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ്. നിര്‍ത്തിയത് ബി.ജെ.പി.യെ സഹായിക്കാനാണെന്നാണ് സതീശന്റെ ആരോപണം. ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പി.യില്‍നിന്ന് ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പരമ്പരാഗതമായി തങ്ങള്‍ക്ക് കിട്ടുന്ന വോട്ടുകളെ ഭിന്നിപ്പിച്ച് ശോഭ സുരേന്ദ്രനെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സതീശന്‍ പറയുമ്പോള്‍, ഇനിയെങ്ങാനും പാലക്കാട് ശോഭ ജയിച്ചാല്‍ അതിന്റെ പഴി മുഴുവന്‍ സിപിഎമ്മിന് മുകളില്‍ കെട്ടിവെക്കാനുള്ള മുന്‍കൂര്‍ ജാമ്യമാണോ ഇതെന്നും മറുചോദ്യം ഉയരുന്നുണ്ട്.
കോ.ലീ.ബി. സഖ്യം എന്ന് പറഞ്ഞ് യു.ഡി.എഫിനെ കാലങ്ങളായി കടന്നാക്രമിക്കുന്ന എല്‍ഡിഎഫിനെതിരേ അതേനാണയത്തിലുള്ള തിരിച്ചടിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം വിഡി സതീശന്റെ ആരോപണത്തെ നോക്കിക്കാണാന്‍.
എന്തായാലും സതീശന്‍ തുടങ്ങിയിട്ട ഡീല്‍ വിവാദം സിപിഎമ്മും ബിജെപിയും കൂടി ഏറ്റ് പിടിച്ചതോടെ തലങ്ങും വിലങ്ങും ഡീല്‍ ആരോപണങ്ങള്‍ ഉയരുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പേരാണോ പ്രശ്‌നമെന്ന് വരെ മുഖ്യമന്ത്രി തിരിച്ചു ചോദിക്കുമ്പോള്‍ വിഷയം കേവലം ഡീല്‍ ആരോപണത്തിനപ്പുറം കുറച്ചുകൂടി ഗൗരവമുള്ളതാകുന്നു. ഡീല്‍ ആരോപണം ഉയര്‍ത്തുന്നതുപോലും ഒരു ഡീല്‍ ആണെന്ന് മുഖ്യമന്ത്രിതന്നെ തുറന്നടിച്ചു. നേമത്ത് കണ്ടത് ആര് തമ്മിലുള്ള ഡീലാണെന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചു ചോദിച്ചത്.
പാലക്കാട് മാത്രമല്ല യുഡിഎഫ് ഉയര്‍ത്തുന്ന ഡീല്‍ വിഷയം. ബിജെപിയുടെ ശക്തികേന്ദ്രങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയതാണ് യുഡിഎഫിന്റെ സംശയങ്ങള്‍ക്ക് കാരണം. റാന്നി, കോന്നി, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂര്‍, കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂര്‍, പത്തനാപുരം, തൊടുപുഴ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി.ക്ക് സാമാന്യം വോട്ടുള്ള മണ്ഡലങ്ങളാണ്. ഇവിടെയെല്ലാം ഘടകക്ഷികളാണ് മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളാകട്ടെ പിടിച്ചുനിര്‍ത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും പരിശ്രമിക്കുന്നവയുമാണ്. ബിജെപി ഭരിക്കുന്ന നഗരസഭ ഉള്‍പ്പെടുന്ന തൃപ്പുണ്ണിത്തുറ മണ്ഡലം ഘടകകക്ഷിയായ ട്വന്റി 20ക്ക് നല്‍കിയതോടെ വെട്ടിലായത് കോണ്‍ഗ്രസ് തന്നെയാണ്. തദ്ദേശവോട്ടുകണക്കില്‍ ഇടതാണ് മുന്നില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ്. രണ്ടാംസ്ഥാനത്താണ്. ബി.ജെ.പി. മൂന്നാംസ്ഥാനത്തും. ആറായിരം വോട്ടിന്റെ മാത്രം വ്യത്യാസം. മുസ്ലിം സ്വാധീന മേഖലകളില്‍ അനുകൂല വോട്ടുകള്‍ കൂടുതലായി ലഭിച്ചുവെന്നാണ് സി.പി.എം. കണക്കാക്കുന്നത്. മുസ്ലിം വിഭാഗത്തില്‍നിന്ന് ഒരു സ്വതന്ത്രനെ പരീക്ഷിച്ചാല്‍ അത് നേട്ടമാകുമെന്ന് കണക്കുകൂട്ടിയത് ഇതുകൊണ്ടാണെന്നാണ് എല്‍ഡിഎഫിന്റെ വാദം.
തിരിച്ചും ഇതേ ആരോപണങ്ങളാണ് മറ്റ് മുന്നണികളും ആരോപിക്കുന്നത്. സിപിഎം വാദമനുസരിച്ച് നടക്കുന്നത് കോണ്‍ഗ്രസ്-ബിജെപി ഡീലാണ്. ബിജെപിയും ട്വന്റി20യും പറയുന്നത് ഇതെല്ലാം സിപിഎം-കോണ്‍ഗ്രസ് ഡീലാണെന്നാണ്. രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് നിര്‍ത്തിയിരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആ മണ്ഡലത്തില്‍ പോലുമുള്ള ആളല്ല. ചെന്നിത്തലയെ വിജയിപ്പിക്കാനായി ചേര്‍ത്തലയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ കൊണ്ടു വന്നു നിര്‍ത്തിയിരിക്കുകയാണെന്ന് പറയുന്നത് സാബു ജേക്കബാണ്. പിന്നാലെ മഞ്ചേശ്വരത്തെ ഡീലുമായി കെ സുരേന്ദ്രനും വന്നു. യഥാര്‍ത്ഥ ഡീല്‍ നടക്കുന്നത് മഞ്ചേശ്വരത്ത് സിപിഎഎമ്മും യുഡിഎഫും തമ്മിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. സിപിഎം വോട്ടുകള്‍ മറിക്കുമെന്ന് സുരേന്ദ്രന്‍ പറയുന്നു.
സിപിഎമ്മും വിട്ടുകൊടുക്കുന്നില്ല. പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ്- ബിജെപി രഹസ്യധാരണയെന്നാണ് സിപിഎം ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് നല്‍കിയതിന് പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാനാണ് ധാരണയെന്നും ഇതിനായി മണ്ഡലത്തിലെ ബിജെപി നേതാക്കളെ ഒഴിവാക്കി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നും സിപിഎം ആരോപിക്കുന്നു.
ചുരുക്കത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം കേവലം രാഷ്ട്രീയ നയങ്ങളുടെ പോരാട്ടം എന്നതിലുപരി സങ്കീര്‍ണ്ണമായ ‘ഡീല്‍’ ആരോപണങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്. ഓരോ മുന്നണിയും തങ്ങളുടെ പരാജയഭീതിയെ മറികടക്കാനും എതിരാളികളെ പ്രതിരോധത്തിലാക്കാനും ഈ ‘അടിയൊഴുക്ക്’ തന്ത്രം ഒരു ആയുധമായി ഉപയോഗിക്കുന്നു. പാലക്കാട് മുതല്‍ മഞ്ചേശ്വരം വരെ നീളുന്ന ഈ ആരോപണ പ്രത്യാരോപണങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ടെന്നത് എന്നും ഒരു രാഷ്ട്രീയ പ്രഹേളികയായി അവശേഷിക്കാറാണ് പതിവ്. എങ്കിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ തിരശീലയ്ക്ക് പിന്നില്‍ എന്ത് ഡീലുകള്‍ ഉറപ്പിച്ചാലും അന്തിമമായ വിധി നിശ്ചയിക്കുന്നത് വോട്ടര്‍മാരാണ്.






