കാസർഗോഡ്: സ്വന്തം പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ നാല് വർഷത്തിന് ശേഷം ആദൂർ പോലീസ് പിടികൂടി. അഡൂർ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2022 ഏപ്രിൽ 5-ന് പുലർച്ചെ നടന്ന സംഭവത്തിലാണ് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്ക് മകൻ നരേന്ദ്ര പ്രസാദിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്. തുടർന്ന് ആദൂർ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം പാണ്ടി വെള്ളരിക്കയയിലെ താമസ സ്ഥലത്തിന് സമീപം പ്രതി എത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാസർഗോഡ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.






