ന്യൂഡൽഹി: എഐ ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. തന്റെ ശബ്ദം ക്ലോൺ ചെയ്ത് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഗുരുതര പ്രശ്നമാണെന്നും ഹർജിയിൽ മോഹൻലാൽ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു.
മെറ്റായുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഗൂഗിള്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ഇതുമായി ബന്ധപ്പെട്ട നിരവധി ലിങ്കുകൾ ഉണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. തന്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതായി മോഹൻലാൽ ആരോപിച്ചു. ഇത്തരത്തിൽ ശബ്ദം ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദില്ലി ഹൈക്കോടതിയിലെ ജഡ്ജി ജ്യോതി സിംഗാണ് ഹർജി പരിഗണിച്ചത്. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ സമർപ്പിച്ച ശേഷം കോടതി തുടർനടപടികൾ സ്വീകരിക്കും.






