കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ നാടകീയ സംഭവങ്ങള്‍. എന്‍സിപി അജിത് പവാര്‍ വിഭാഗം പ്രതിനിധി പികെ ശശീന്ദ്രന്റെ പത്രികയുടെ രസീതുമായി ഓടിപ്പോയ അജ്ഞാതന്‍ വേണ്ടി അന്വേഷണത്തിലാണ് പൊലീസ്. എകെ ശശീന്ദ്രന് വിഭാഗവുമായുള്ള തര്‍ക്കത്തിനിടെ പത്രികയുടെ രസീത് അജ്ഞാതനായ ഒരാള്‍ കൈപ്പറ്റി ഓടിപ്പോയി. തങ്ങളുമായി ബന്ധമില്ലാത്തയാളാണ് രസീത് കൈപ്പറ്റി ഓടിപ്പോയതെന്ന് പികെ ശശീന്ദ്രന് വിഭാഗം പറയുന്നു.
രസീത് കിട്ടിയ ഉടനെ അയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി ഇവര്‍ പറയുന്നു. ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്നും കാത്തിരിക്കണമെന്നാണ് വരാണിധാകാരി അറിയിച്ചതെന്നും അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് എന്‍സിപി ശരത്പവാര്‍ വിഭാഗം നേതാവ് എകെ ശശീന്ദ്രന്. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് ശശീന്ദ്രന് വിജയിച്ചത്. പാര്‍ട്ടി പിളര്‍ന്നതോടെ എകെ ശശീന്ദ്രനെതിരെ പികെ ശശീന്ദ്രന് എന്ന അപരനെ എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.






