കഴിഞ്ഞ രണ്ട്-മൂന്ന് ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിഷയം ഒന്ന് മാത്രമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും പരാതികളും ആരോപണങ്ങളും തള്ളലും മാറ്റിവെക്കലും ആശങ്കയുടെ നിമിഷങ്ങളുമെല്ലാം. സമര്‍പ്പിക്കുന്ന എല്ലാവരുടേയും പത്രികകള്‍ സ്വീകരിക്കണമെന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മന്ത്രി സജി ചെറിയാനും മുതല്‍ അപരന്മാര്‍ വരെ വെള്ളം കുടിച്ച മണിക്കൂറുകള്‍. മാര്‍ച്ച് 23ന് പത്രിക സമര്‍പ്പണം അവസാനിച്ചിട്ടും രാഷ്ട്രീയ അതികായരെ വരെ പിന്നേയും രണ്ട് ദിവസം കൂടി വെള്ളംകുടിപ്പിക്കാന്‍ മാത്രം സങ്കീര്‍ണവും പ്രാധാന്യം നിറഞ്ഞതുമാണ് നമ്മുടെ രാജ്യത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള പ്രക്രിയകള്‍ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
ഒന്നങ്ങോട്ടോ ഇങ്ങോട്ടോ പാളിയാല്‍, സ്ഥാനാര്‍ഥിയുടെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പും അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സ്വപ്നങ്ങളുമായിരിക്കും തകരുക. മാര്‍ച്ച് 24നായിരുന്നു സൂക്ഷ്മപരിശോധന. അന്ന് സ്ഥാനാര്‍ഥികള്‍ക്കൊപ്പം ചങ്കിടിച്ച മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. പത്രിക തയാറാക്കിയവര്‍. സ്ഥാനാര്‍ഥിയുടെ ആസ്തി, ബാധ്യതകള്‍, കേസുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതീവ സൂക്ഷ്മതയോടെ ക്രോഡീകരിച്ച് നാമനിര്‍ദേശ പത്രിക തയാറാക്കുന്നത് ഇവരാണ്.
സ്വന്തം സ്ഥാനാര്‍ഥിയുടെ പത്രികയില്‍ പിഴവുകളൊന്നും വരാതിരിക്കാനും, എതിരാളികളുടെ പത്രികയില്‍ സാങ്കേതിക പിശകുകള്‍ കണ്ടെത്തി അത് തള്ളിക്കളയിക്കാനുമുള്ള ശ്രമങ്ങളാണ് ഈ ഘട്ടത്തില്‍ ശക്തമാകുന്നത്. ചിലപ്പോഴൊക്കെ ജനാധിപത്യപരമല്ലെന്നറിയാമെങ്കിലും എതിരാളികളെ അയോഗ്യരാക്കാനുള്ള നീക്കങ്ങളും ഉണ്ടാകാറുണ്ട്.
ഓരോ പാര്‍ട്ടിക്കുമുണ്ടാകും പത്രിക സ്‌പെഷലിസ്റ്റുകള്‍. എങ്കില്‍ പോലും പത്രിക തള്ളിപ്പോകുമോയെന്ന പേടി അവസാന നിമിഷം വരെയുണ്ടാകും. എത്ര വലിയ നേതാവാണെങ്കിലും എത്ര തവണ മത്സരിച്ച് പരിചയമുണ്ടെന്ന് പറഞ്ഞാലും ഓരോ തവണത്തെ പത്രിക സമര്‍പ്പണവും ഓരോ കടമ്പയാണ്. സ്ഥാനാര്‍ഥി അറിയാതെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പോലും വിവരാവകാശ നിയമം ഉപയോഗിച്ച് പൊലീസ് വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം. സ്ഥാനാര്‍ത്ഥി സംസ്ഥാന നേതാവൊക്കെ ആണെങ്കില്‍ അവര്‍ക്കെതിരെ സംസ്ഥാനത്ത് എവിടെ വേണെങ്കിലും കേസുകള്‍ ഉണ്ടാകാം, പലതും അവര്‍ പോലും അറിഞ്ഞിട്ടുണ്ടാകില്ല. ആ അവസരത്തിലാണ് മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തേണ്ടതിന്റെ ആവശ്യകത.
സാധാരണ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വന്നതിനുശേഷമാണ് നാമനിര്‍ദേശ പത്രിക തയാറാക്കുന്ന നടപടികള്‍ ആരംഭിക്കുന്നത്. നോട്ടിഫിക്കേഷന്‍ മാത്രം വന്നിട്ട് കാര്യമില്ല, സ്ഥാനാര്‍ഥി നിര്‍ണയം വൈകിയാല്‍ നാമനിര്‍ദേശ പത്രിക തയാറാക്കാന്‍ ലഭിക്കുന്ന സമയവും കുറവായിരിക്കും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കുറച്ച് സമയത്തിനുള്ളില്‍ രേഖകളെല്ലാം ശേഖരിക്കണം. അത് തന്നെയാണ് ഈ മേഖലയിലെ വലിയ വെല്ലുവിളിയും. ഇത്തവണ കോണ്‍ഗ്രസില്‍ സംഭവിച്ചത് പോലെ ദിവസങ്ങളെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം വരുമ്പോള്‍ ശരിക്കും ഉള്ളില്‍ ടെന്‍ഷനടിക്കുന്നവര്‍ പത്രിക തയ്യാറാക്കുന്നവര്‍ കൂടിയാണ്.
കേസുകളുടെ നമ്പര്‍, വകുപ്പുകള്‍, കേസുകളുടെ നിലവിലെ സ്ഥിതി, കോടതിയിലെ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ പ്രധാനപ്പെട്ടതാണ്. ആസ്തിവിവരങ്ങള്‍ സംബന്ധിച്ച ആധാരത്തിന്റെ പകര്‍പ്പ്, കരം അടച്ച രസീത്, സ്വന്തമായി കെട്ടിടമുണ്ടെങ്കില്‍ കെട്ടിടനികുതി രസീത് തുടങ്ങിയവ സംഘടിപ്പിക്കണം. ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളില്‍ ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധ്യതകള്‍ ഉണ്ടെങ്കില്‍ അവ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിക്കണം. സ്ഥാനാര്‍ത്ഥിയുടെ മാത്രം പോര, പങ്കാളിയുടേയും വീട്ടിലെ മറ്റുള്ളവരുടേയുമെല്ലാം 5 വര്‍ഷത്തെ സകല വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും വേണം.
നിലവില്‍ ജനപ്രതിനിധി ആണെങ്കില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിലെ വിവരങ്ങള്‍ ശേഖരിച്ചാല്‍ മതിയാകും. തുടര്‍ന്ന് ഈ വിവരങ്ങള്‍ സത്യവാങ്മൂലമായി പ്രത്യേക ഫോമില്‍ തയാറാക്കണം. ഫോമിലെ സ്ഥലപരിമിതി മൂലം വിശദവിവരങ്ങള്‍ അഡിഷനല്‍ ഷീറ്റില്‍ ഉള്‍പ്പെടുത്തണം. കൂടാതെ ഏതെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെങ്കില്‍ സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് ചിഹ്നം അനുവദിച്ച് പാര്‍ട്ടി നല്‍കുന്ന കത്തും ചേര്‍ക്കണം. സ്ഥാനാര്‍ഥി മറ്റൊരു മണ്ഡലത്തിലുള്ള ആളാണെങ്കില്‍ റവന്യു ഓഫിസറുടെ കത്തോടു കൂടി അതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്ത ശേഷം വേണം സമര്‍പ്പിക്കാന്‍.
ചെറിയൊരു പിഴവ് പോലും എല്ലാം അവസാനിപ്പിക്കും എന്നതിനാല്‍ വളരെ പരിചയസമ്പത്തുള്ളവര്‍ മാത്രം ഏറ്റെടുക്കുന്ന ജോലിയാണിത്. സ്ഥാനാര്‍ത്ഥി ആ പാര്‍ട്ടിയുടേയോ സംസ്ഥാനത്തേയോ പ്രധാനപ്പെട്ട ഒരാളാണെങ്കില്‍ അയാളുടെ പത്രിക തള്ളിപ്പോയാല്‍ അത് ആ പാര്‍ട്ടിക്ക് വലിയ നാണക്കേടും തയ്യാറാക്കുന്നയാള്‍ക്ക് കരിയര്‍ പോലും അവതാളത്തിലാകുന്ന സ്ഥിതിയും വരാം.
ഒരു സ്ഥാനാര്‍ത്ഥിക്ക് നാല് പത്രിക വരെ സമര്‍പ്പിക്കാം. പലപ്പോഴും ഡ്രാഫ്റ്റ് പരിശോധിച്ച് ഉറപ്പിച്ചിട്ട് മാത്രമാകും സമര്‍പ്പിക്കുക. പേരോ സ്‌പെല്ലിങ്ങോ കോളം പോലുമോ മാറിപ്പോയാല്‍ തള്ളും. സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പിക്കല്‍ മാത്രമല്ല, എതിരാളികളുടേയും അപരന്മാരുടേയും പത്രികകള്‍ തള്ളിക്കുന്നതും ഇവരുടെ ജോലിയാണ്.






