ന്യൂഡൽഹി: കേരളത്തിൽ ബിജെപി ശക്തമായി വളരുകയാണെന്നും വരുംകാലത്ത് പാർട്ടി അധികാരത്തിലെത്തുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പറഞ്ഞു. 30 സീറ്റ് നേടുമെന്ന വിലയിരുത്തൽ കൃത്യമായ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത്-വലത് മുന്നണികൾ കപട മത്സരമാണ് നടത്തുന്നതെന്നും വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് ബിജെപി മാത്രമാണെന്നും അനിൽ ആന്റണി ആരോപിച്ചു.
2006ൽ 5 ശതമാനം വോട്ട് ഷെയർ മാത്രമുണ്ടായിരുന്ന ബിജെപി, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം വരെ വോട്ട് നേടിയതായും ആദ്യമായി ഒരു എംപിയെയും നേടിയതായും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരും മറ്റ് സമുദായങ്ങളും ഇത്തവണ ബിജെപിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരിക്കാത്തത് വ്യക്തിപരമായ തീരുമാനമല്ലെന്നും പാർട്ടിയുടെ തീരുമാനമാണെന്നും അനിൽ ആന്റണി വ്യക്തമാക്കി.






