ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് നടത്തിയ അധിഷേപ പരാമർശത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഇന്ന് ഒരു മണിക്കുള്ളിൽ കലക്ടർ റിപ്പോർട്ട് സമർപ്പിക്കണം.
ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ഇർഷാദാണ് പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു സംഭവം. ‘ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണു വാക്ചാതുരി കൊണ്ടും ശരീര അഴകു കൊണ്ടും അതു വിൽപനയ്ക്കു വച്ചു വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്’’– എന്നായിരുന്നു പരാമർശം.





