ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പോലീസിന് നിർദേശം നൽകി.
മാധ്യമ വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് ജില്ലാതല കമ്മിറ്റിക്ക് കൈമാറിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയുടെ യോഗത്തിൽ വിഷയത്തിൽ വിശദമായ വിലയിരുത്തലിന് ശേഷമാണ് നടപടി തീരുമാനിച്ചത്.
സാമൂഹികമാധ്യമങ്ങളിലെ ക്ലിപ്പുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ഉണ്ടായതായി കണ്ടെത്തി. ഇതിനെ തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുക്കാൻ നിർദേശം നൽകി. സ്ത്രീകളുടെ മാനഭംഗം വരുത്തൽ, അടിസ്ഥാനരഹിതമായ പ്രസ്താവനകൾ, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ശ്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിലാണ് യുഡിഎഫ് ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ എ. ഇർഷാദ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ ഇർഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.





