തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് വിവാദം ഉയർന്നു. എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.
മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ച് വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ച കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് ആരോപണം. നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് അഡ്വ. പ്രകാശ് ആർ.സി.യാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയത്.
അതേസമയം, പരാതിയിൽ പറയുന്നതുപോലെ സംസ്ഥാന ചിഹ്നമുള്ള ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 15നാണ് വന്നത്. എന്നാൽ, മാർച്ച് 6ന് തന്നെ മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് കത്തയച്ച് ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർഥിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. പരാതിയിൽ അന്വേഷണം നടത്തി വരണാധികാരി തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.





