തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും അതീവ ജാഗ്രതാ നിർദ്ദേശം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം അപകടകരമായ അളവിൽ ഉയർന്നേക്കുമെന്ന കണ്ടെത്തലിനെത്തുടർന്ന് ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കണക്കിലെടുത്ത് ‘യെല്ലോ’ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില സാധാരണയേക്കാൾ ഉയർന്ന് 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അൾട്രാവയലറ്റ് സൂചിക ഉയരുന്നത് മനുഷ്യശരീരത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തുടർച്ചയായി കൂടുതൽ സമയം ഈ രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനുംഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും കാരണമാകും. ദീർഘനേരം വെയിൽ ഏൽക്കുന്നത് നേത്രരോഗങ്ങൾക്കും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും ഇടയാക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം എന്നത് ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും ശക്തമായി ഭൂമിയിൽ പതിക്കുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചു. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ ജലാശയങ്ങളിലും മത്സ്യബന്ധനത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ ഈ സമയക്രമം പ്രത്യേകം ശ്രദ്ധിക്കണം.
ചർമ്മരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ എന്നിവർ വെയിൽ ഏൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിൽ ഉള്ളവർക്ക് അപകടസാധ്യത കൂടുതലാണ്.




