ബെംഗളൂരു: കടുത്ത പാചകവാതക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. അതിൽ തന്നെ ഹോട്ടൽ മേഖലയാണ് കൂടുതൽ ദുരിതത്തിൽ. ഇപ്പോഴിതാ പ്രതിസന്ധി മറികടക്കാൻ വിചിത്രവും എന്നാൽ ക്രിയാത്മകവുമായ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൊസൂരിലെ ‘ഈറോഡ് എമ്മിസ് മെസ്’. തങ്ങൾക്ക് പാചകം ചെയ്യാൻ ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകുന്നവർക്ക് ഒരു മാസത്തേക്ക് സൗജന്യ ബിരിയാണിയാണ് ഹോട്ടൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഗ്യാസില്ലാതെ ഹോട്ടൽ പൂട്ടേണ്ട അവസ്ഥ വന്നപ്പോഴാണ് ഹോട്ടലുടമ ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. ഒരു സിലിണ്ടർ നൽകിയാൽ ഒരു മാസത്തേക്ക് എല്ലാ ദിവസവും ഒരു പ്ലേറ്റ് ബിരിയാണി സൗജന്യമായി ലഭിക്കും. രണ്ട് സിലിണ്ടറുകൾ നൽകിയാൽ: ഒരു മാസത്തേക്ക് പ്രതിദിനം രണ്ട് പ്ലേറ്റ് ബിരിയാണി ആസ്വദിക്കാം. ‘പാചകം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ, നിങ്ങളുടെ വയറു ഞങ്ങൾ നിറയ്ക്കാം’ എന്ന കുറിപ്പോടെ ഹോട്ടലിന് മുന്നിൽ സ്ഥാപിച്ച ബോർഡ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.




