കോട്ടയം : കടന്നൽക്കൂട് നശിപ്പിച്ച തൊഴിലാളികൾക്ക് കൂലി നൽകുന്നതിൽ പഞ്ചായത്ത് സെക്രട്ടറി വീഴ്ച വരുത്തിയെന്നാരോപിച്ച് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൻ സമരം. വെച്ചൂച്ചിറ പഞ്ചായത്തംഗം ഷാജി കൈപ്പുഴയാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മൂന്നാഴ്ച മുൻപ് വെച്ചൂച്ചിറ കവലയിൽ കേരള ബാങ്കിന് സമീപം രൂപപ്പെട്ട കടന്നൽക്കൂട് പ്രദേശവാസികൾക്കും സമീപത്തെ രണ്ട് എൽപി സ്കൂളുകളിലെ കുട്ടികൾക്കും വലിയ ഭീഷണിയായിരുന്നു. ഇതിനോടകം തന്നെ നിരവധി പേർക്ക് കടന്നലിന്റെ കുത്തേൽക്കുകയും ചെയ്തിരുന്നു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഷാജി നേരിട്ട് ഇടപെട്ടാണ് കൂട് നീക്കം ചെയ്യാൻ തൊഴിലാളികളെ എത്തിച്ചത്. മൂവായിരം രൂപയായിരുന്നു ഇവരുടെ കൂലി നിശ്ചയിച്ചിരുന്നത്. ഇതിൽ ആയിരം രൂപ ഷാജി കൈമാറുകയും ബാക്കി തുക പിന്നീട് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കടന്നൽക്കൂട് നീക്കം ചെയ്തതിന്റെ ചെലവ് പഞ്ചായത്തിൽ നിന്ന് നൽകാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ കമ്മിറ്റി തീരുമാനം ഉണ്ടായിട്ടും സെക്രട്ടറി പണം അനുവദിക്കാൻ തയ്യാറാവാത്തതാണ് മെംബറെ സമരത്തിലേക്ക് നയിച്ചത്. തൊഴിലാളികൾക്ക് നൽകാനുള്ള ബാക്കി തുക അടിയന്തരമായി നൽകണമെന്ന ആവശ്യവുമായാണ് ഷാജി പ്രതിഷേധം നടത്തിയത്.




