കോട്ടയം: നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ പാതയിൽ കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്റ്റേഷനും ചെമ്മലമറ്റത്തിനും ഇടയിൽ രണ്ടര കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമിക്കും. ഹൈക്കോടതി അംഗീകരിച്ച റെയിൽവേയുടെ അലൈൻമെന്റ് രൂപരേഖയിലാണ് തുരങ്കം സംബന്ധിച്ച വ്യക്തതയുള്ളത്. ഈ വലിയ തുരങ്കത്തിന് പുറമെ പാതയിൽ മൂന്ന് ചെറിയ തുരങ്കങ്ങൾ കൂടിയുണ്ടാകും. ഭരണങ്ങാനം സ്റ്റേഷന് മുൻപും ഭരണങ്ങാനത്തിനും ചെമ്മലമറ്റത്തിനും ഇടയിലും കാഞ്ഞിരപ്പള്ളി റോഡിനും എരുമേലി സ്റ്റേഷനും ഇടയിലുമാണ് ഈ ചെറിയ തുരങ്കങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയിൽ അന്തിനാട് മുതൽ എരുമേലി വരെ 38.780 കിലോമീറ്റർ ദൂരത്തിലാണ് ശബരി റെയിൽപാത കടന്നുപോകുന്നത്. അന്തിനാട് 72.450 കിലോമീറ്ററിൽ തുടങ്ങി എരുമേലി റെയിൽവേ സ്റ്റേഷൻ വരെ 111 കിലോമീറ്റർ ദൂരമാണ് ജില്ലയിലുള്ളത്.
പാതയുടെ നിർമ്മാണത്തിൽ എട്ട് വലിയ പാലങ്ങളും 44 ചെറിയ പാലങ്ങളും ഉൾപ്പെടുന്നു. കാഞ്ഞിരപ്പള്ളി റോഡ് – എരുമേലി ഭാഗത്ത് രണ്ടും കാഞ്ഞിരപ്പള്ളി റോഡിന് സമീപം രണ്ടും ചെമ്മലമറ്റത്തിനും ഭരണങ്ങാനത്തിനും ഇടയിൽ നാലും റെയിൽവേ പാലങ്ങൾ വരും. കൂടാതെ 18 റെയിൽവേ മേൽപാലങ്ങളും എട്ട് അടിപ്പാലങ്ങളും പാതയുടെ ഭാഗമായി നിർമിക്കും. ചെമ്മലമറ്റം സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് യാഡുകൾ ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ മലയോര മേഖലയിലൂടെ കടന്നുപോകുന്ന റെയിൽപാത യാഥാർത്ഥ്യമാകുന്നതോടെ ശബരിമല തീർത്ഥാടകർക്കും ജില്ലയിലെ യാത്രക്കാർക്കും വലിയ യാത്രാസൗകര്യമാണ് കൈവരുന്നത്.


