ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക ഇന്ധന രംഗത്ത് മാറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. രാജ്യത്തുടനീളം 50 ലക്ഷം പുതിയ പിഎൻജി (പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവിൽ ഉപയോഗിക്കുന്ന എൽപിജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് ഉപഭോക്താക്കളെ മാറ്റാൻ പ്രോത്സാഹിപ്പിക്കാനും, ഇതിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനുമാണ് നിർദേശം.
ആഗോള യുദ്ധസാഹചര്യങ്ങൾ എൽപിജി വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറക്കുമതിക്കായി കപ്പൽ ഗതാഗതത്തെ ആശ്രയിക്കുന്ന എൽപിജി വിതരണത്തിൽ ഉണ്ടാകാവുന്ന അനിശ്ചിതത്വം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. വിതരണ ശൃംഖലയിൽ പ്രശ്നങ്ങൾ ഉണ്ടായാലും സാധാരണ ജനങ്ങൾക്ക് ഇന്ധന ക്ഷാമം അനുഭവിക്കേണ്ടിവരാതിരിക്കാനാണ് പിഎൻജി ശൃംഖല വ്യാപിപ്പിക്കുന്നത്.
ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേന്ദ്ര മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഗെയിൽ ഉൾപ്പെടെയുള്ള പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. 50 ലക്ഷം വീടുകളിലേക്ക് പൈപ്പ് വഴിയുള്ള ഇന്ധനം എത്തിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഇന്ധനമായാണ് പിഎൻജിയെ സർക്കാർ വിലയിരുത്തുന്നത്. എൽപിജിയുടെ ഗതാഗത-വിതരണ ചെലവുകൾ കുറയ്ക്കാൻ ഇത് സഹായിക്കും. പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളിലും തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാൻ കഴിയുന്ന വിശ്വസ്ത സ്രോതസ്സായി നാച്ചുറൽ ഗ്യാസ് കണക്കാക്കപ്പെടുന്നു.
ഫോസിൽ ഇന്ധനങ്ങളിലേക്കുള്ള ആശ്രയം കുറച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് മുൻതൂക്കം നൽകുകയാണ് സർക്കാരിന്റെ സമീപനം. പിഎൻജി എൽപിജിക്ക് പൂർണ്ണമായൊരു പകരമല്ലെങ്കിലും, ക്ഷാമം നിയന്ത്രിക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.




