തൃശ്ശൂർ: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഒ.ജെ ജനീഷ് വിജയിക്കണമെന്നതാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമെന്ന് മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. അന്നമനടിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒ.ജെ ജനീഷിന്റെ പ്രചരണത്തിന് പിന്തുണ അറിയിക്കാനെത്തിയ ചാണ്ടി ഉമ്മൻ, അദ്ദേഹത്തിന്റെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും പറഞ്ഞു. കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ വർഗീസ് ജോർജിനെ ലക്ഷ്യമിട്ടായിരുന്നു ഈ വിമർശനം. വർഗീസ് ജോർജ് ഉമ്മൻ ചാണ്ടിയുടെ മരുമകനാണ്. മകൾ മറിയ ഉമ്മന്റെ ഭർത്താവായ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
നിയമസഭയിൽ തനിക്കൊപ്പം കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ ജനീഷ് എത്തുമെന്ന് ചാണ്ടി ഉമ്മൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിന്റെ മതേതര പാരമ്പര്യം നിലനിർത്താൻ ജനീഷിന് കഴിയും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ കരുണാകരന്റെ മണ്ണ് തിരിച്ചുപിടിക്കാനായി എത്തിയ ചാണ്ടി ഉമ്മന് നന്ദി അറിയിക്കുന്നതായി ഒ.ജെ ജനീഷ് പറഞ്ഞു. പൊയ്യയിൽ നിന്നും മാള, വലിയപറമ്പ് വഴി അന്നമനട വരെ ചാണ്ടി ഉമ്മൻ സൈക്കിൾ റാലി നടത്തി. ഒ.ജെ ജനീഷും ഈ യാത്രയിൽ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവർത്തകരാണ് ബൈക്കും കാറും ഉപയോഗിച്ച് റാലിയെ അനുഗമിച്ചത്.




