കോഴിക്കോട്: ആവേശക്കടലിലേക്ക് ക്യാപ്റ്റന്റെ വരവ്. പുറമേരി കടത്തനാട് രാജാസ് സ്കൂൾ മൈതാനിയിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലിക്കെത്തിയ ആയിരങ്ങൾക്ക് ആവേശ നിമിഷമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അദ്ദേഹം റാലി ഉദ്ഘാടനം ചെയ്യാനെത്തിയത്.
ഏഴുമണിക്ക് എത്തുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ വൈകിയാണ് എത്തിയത്. ഇതിനകം മൈതാനം നിറഞ്ഞിരുന്നു; റോഡുകളിലേക്കും ജനക്കൂട്ടം വ്യാപിച്ചു, ഗതാഗതം തടസ്സപ്പെട്ടു. ഏകദേശം 35 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സർക്കാർ നേട്ടങ്ങളും മുൻ യു.ഡി.എഫ്. സർക്കാരുകളുമായുള്ള താരതമ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുഭരണം തുടരേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു.
വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എം.കെ. ഭാസ്കരൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, പി. വസന്തം എന്നിവരെ കൈപിടിച്ചുയർത്തി ജനങ്ങളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി, കുറ്റ്യാടി–നാദാപുരം മണ്ഡലങ്ങളുടെ വികസനരേഖയും പ്രകാശനം ചെയ്തു. ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
പി.സി. ചാക്കോ, എളമരം കരിം, മനയത്ത് ചന്ദ്രൻ, പി. മോഹനൻ എന്നിവരും മറ്റു നേതാക്കളും പ്രസംഗിച്ചു. നിരവധി പ്രമുഖർ വേദിയിൽ പങ്കെടുത്തു.
കഴിഞ്ഞ പത്തുവർഷമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളെ ചേർത്തുനിർത്തിയാണ് പ്രവർത്തിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. ഇത്തവണയും എൽ.ഡി.എഫ്. വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫിന് നാടിനോടുള്ള പ്രതിബദ്ധതയും ജനക്ഷേമത്തിൽ താത്‌പര്യവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണത്തിൽ തുടർന്നാൽ വികസനം ഉറപ്പാണെന്നും പറഞ്ഞു. യു.ഡി.എഫിന് അത്രത്തോളം പ്രതിബദ്ധതയില്ലെന്നും വിമർശിച്ചു.
2016 മുതൽ 2021 വരെ സംസ്ഥാനത്ത് എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചതായും, അതിന്റെ അടിസ്ഥാനത്തിലാണ് 2021-ൽ ചരിത്രപരമായ വിധി ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമായതായി പ്രഖ്യാപിച്ചതിനെ ലോകം ശ്രദ്ധിച്ചതായും പറഞ്ഞു. ആർ.എസ്.എസ്., ബി.ജെ.പി. ആശയങ്ങളെ ഈ നാട് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




