തിരുവനന്തപുരം: സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധ നേടിയ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുഹൃത്തുക്കളാണ് മരണവാർത്ത അറിയിച്ചത്. അമേരിക്കയിൽവെച്ച് കുഴഞ്ഞുവീണതാണ് മരണകാരണമെന്ന് റിപ്പോർട്ട്. നടി സ്നേഹ ശ്രീകുമാർ ഉൾപ്പെടെ നിരവധി പേർ ശരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം സ്വദേശിയായ ശരത്, അമേരിക്കയിൽ ജോലി ചെയ്യുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് അവർ കുറിച്ചു.
‘ഗുണ്ട ബിനു’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി വൈറൽ റീലുകൾ ചെയ്താണ് ശരത് ശ്രദ്ധ നേടിയത്. മിമിക്രി ആർട്ടിസ്റ്റായിരുന്ന അദ്ദേഹം കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ എന്നീ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. വ്യത്യസ്തമായ വേഷത്തിലാണ് ശരത് റീലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.
വലിയ മീശ, കട്ടിപ്പുരികം, തലയിൽ കെട്ട് എന്നിവയോടെ എത്തിയ അദ്ദേഹത്തിന്റെ വീഡിയോകൾ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. ‘ഓണം വന്നല്ലോ’ എന്ന റീൽ ഏറെ വൈറലായിരുന്നു. നാല് ദിവസം മുമ്പ് ഡോണൾഡ് ട്രംപ്നെ ഉൾപ്പെടുത്തി ചെയ്ത വീഡിയോയാണ് ശരത്തിന്റെ സോഷ്യൽ മീഡിയ പേജിലെ അവസാനത്തെ പോസ്റ്റ്.




