കൊച്ചി: ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പുതിയ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തുന്നു. നിലവിൽ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ നിരക്കിന്റെ ഇരട്ടിത്തുക പണമായി ഈടാക്കി വാഹനങ്ങളെ കടത്തിവിടുകയാണ് ചെയ്യുന്നത്. എന്നാൽ ഏപ്രിൽ 10 മുതൽ ഇതിൽ മാറ്റം വരും.
പുതിയ നിയമപ്രകാരം, ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിന്റെ 25 ശതമാനം അധികം നൽകിയാൽ മതി. ഉദാഹരണത്തിന്, 100 രൂപ ടോൾ നിരക്കുള്ളിടത്ത് യുപിഐ വഴി 125 രൂപ നൽകിയാൽ വാഹനങ്ങൾ കടത്തിവിടും. 2008ലെ ദേശീയപാത നിരക്ക് നിർണയവും ഈടാക്കലും സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര മന്ത്രാലയം ഏപ്രിൽ 2ന് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.




