തിരുവനന്തപുരം: പള്ളിയുടെ കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ ഒരാളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി കുമാർ പി. പ്രതീഷ് (41) ആണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ചെറുവെട്ടുകാട് ‘അസംബ്ലീസ് ഓഫ് ഗോഡ്’ ദേവാലയത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പുന്നക്കുളം സ്വദേശിയുടെ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ച് കടന്നത്. സ്കൂട്ടർ കാണാതായതിനെ തുടർന്ന് ഉടമ നടത്തിയ തിരച്ചിലിൽ കണ്ടെത്താനാകാതായപ്പോൾ പോലീസിൽ പരാതി നൽകി.
വലിയതുറ എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ഓമനക്കുട്ടൻ നായർ, എ.എസ്.ഐ ജയകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




