കോഴിക്കോട്: എൽഡിഎഫ്- ബിജെപി കൂട്ടുകെട്ട് എന്ന ആരോപണം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് അറിവില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. വടകരയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം, നിരന്തരം ബിജെപിക്കും ഹിന്ദുത്വ ശക്തികൾക്കും എതിരെ പോരാടുന്നതുകൊണ്ടാണ് ബിജെപിക്ക് വലിയ മുന്നേറ്റം സാധിക്കാത്തതെന്ന് കാരാട്ട് പറഞ്ഞു. ഈ പോരാട്ടത്തിൽ നിരവധി പ്രവർത്തകർ ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്ത് കോൺഗ്രസ് പാർട്ടി ബിജെപി-ആർഎസ്എസ് ശക്തികളുമായി സന്ധി ചെയ്യുകയാണെന്നും അതുകൊണ്ടാണ് ബിജെപി ശക്തിപ്രാപിച്ചതെന്നും കാരാട്ട് ആരോപിച്ചു. അസമിലെ രാഷ്ട്രീയ സാഹചര്യവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. മുൻ കോൺഗ്രസ് നേതാക്കളിൽ പലരും ബിജെപിയിലേക്ക് ചേർന്നതായും, കോൺഗ്രസ് ബിജെപിക്ക് നേതാക്കളെ നൽകുന്ന നിലയിലായെന്നും അദ്ദേഹം വിമർശിച്ചു.
തെലങ്കാനയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും കാരാട്ട് ആരോപിച്ചു. സ്ത്രീകൾക്ക് മാസം 2500 രൂപ നൽകുമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.




