കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫയെ പൊലീസ് വീണ്ടും പിടികൂടി. ആന്ധ്രപ്രദേശ്-കർണാടക അതിർത്തിക്ക് സമീപം ട്രെയിനിൽ നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
മേയ് 23-നാണ് മുക്കം പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഹനീഫ രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിക്കായി വ്യാപക അന്വേഷണം ആരംഭിച്ച പൊലീസ്, റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും സഹായത്തോടെയാണ് ഇയാളെ വീണ്ടും പിടികൂടിയത്.
ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹനീഫയുമായി തെളിവെടുപ്പിന് പോയിരുന്നത്. ഫെബ്രുവരിയിൽ മുക്കം മണാശേരിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിലാണ് ഹനീഫ പ്രതിയായത്.
ഇതിന് മുമ്പ് 500 ഗ്രാം എംഡിഎംഎയുമായി ഹനീഫയെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മണാശേരിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് രഹസ്യവിവരത്തെ തുടർന്ന് ഹനീഫയെ ആദ്യം അറസ്റ്റ് ചെയ്തത്. കേരളത്തിലെ പ്രധാന മയക്കുമരുന്ന് മൊത്തവിതരണക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഹനീഫയെ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വിൽപ്പനയ്ക്കായി പോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിച്ചിരുന്ന വ്യക്തിയാണ് ഹനീഫയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.






