ഷിംല: വീട്ടുവളപ്പിൽ നിന്നു പേരയ്ക്ക പറിച്ചെന്നാരോപിച്ച് പെൺകുട്ടിയെ കെട്ടിയിട്ട് മർദിച്ച സംഭവം ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിൽ പുറത്തുവന്നു. സംഭവത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രദേശവാസിയായ ഒരു വിമുക്തഭടനാണ് പെൺകുട്ടിയെ മർദിച്ചത്. പേരയ്ക്ക എടുത്തുവെന്നാരോപിച്ച് കുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർത്ത് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തതായി പറയുന്നു.
സംഭവം കണ്ട ഒരു മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ വീഡിയോ പകർത്തുകയും വിമുക്തഭടനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, കുട്ടിയെ കെട്ടിയിട്ടതിനെ ഇയാൾ ന്യായീകരിക്കുന്നതും വീഡിയോയിൽ കാണാം. രക്ഷിക്കണമെന്ന് അപേക്ഷിച്ച് പെൺകുട്ടി കരഞ്ഞെങ്കിലും ഇയാൾ അവളെ ഉടൻ വിട്ടയച്ചില്ല.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചതോടെ വിമുക്തഭടൻ കുട്ടിയെ കെട്ടഴിച്ചുവിട്ടു. പിന്നീട് ഇയാൾ പെൺകുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തി.
സംഭവത്തിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതായും, പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും, തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




