കൊല്ലം: പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ കോട്ടയാണ് കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ വാശിയേറിയ ഒരു പോരാട്ടത്തിനാണ് ചടയമംഗലം സാക്ഷ്യം വഹിക്കുന്നത്. സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രമുഖ നേതാവ് പാർട്ടി വിട്ടതും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷക്കുറവും യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി കോട്ട നിലനിർത്താനാണ് എൽഡിഎഫിന്റെ ശ്രമം.
നിലവിലെ മന്ത്രി കൂടിയായ ജെ. ചിഞ്ചു റാണിയും യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം നസീറും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മുൻപ് എം.എം ഹസ്സനെപ്പോലെയുള്ള കരുത്തരായ നേതാക്കളെ പരാജയപ്പെടുത്തിയ ചരിത്രമുണ്ടെങ്കിലും, ഇത്തവണ എൽ.ഡി.എഫിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം നേതാക്കളും പ്രവർത്തകരും സിപിഐ വിട്ടത് ചടയമംഗലം നിയോജക മണ്ഡലത്തിലാണ്.
പത്ത് വർഷത്തെ തുടർച്ചയായ എൽ.ഡി.എഫ് ഭരണത്തിനെതിരായ വികാരം വോട്ടായി മാറിയാൽ അത് യു.ഡി.എഫിന് അനുകൂലമാകും. എന്നാൽ, മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ സംഘടനാ സംവിധാനവും ചിഞ്ചു റാണിയുടെ ഭരണനേട്ടങ്ങളും ഒരു വശത്ത് നിൽക്കുമ്പോൾ, മുസ്തഫയുടെ മാറ്റവും എം.എം. നസീറിന്റെ ചിട്ടയായ പ്രവർത്തനവും ഉയർത്തുന്ന വെല്ലുവിളി മറുവശത്തുണ്ട്. ചടയമംഗലം ഇത്തവണ ആരെ തുണയ്ക്കും എന്നത് പ്രവചനാതീതമാണ്.




