തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിലെ 300 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പുനരാരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
തിരുവനന്തപുരം ജില്ലാ സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 3.78 കോടി രൂപയും തട്ടിപ്പിൽ ഉൾപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡി സംഘം തിരുവനന്തപുരത്തെത്തി രേഖകളും മൊഴികളും ശേഖരിച്ചു. നിലവിലെ ഭരണസമിതി അംഗങ്ങളിൽ നിന്ന് വിവരങ്ങൾ തേടിയ അന്വേഷണസംഘം സൊസൈറ്റിയുടെ രേഖകളും വിശദമായി പരിശോധിച്ചു. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് ഈ സൊസൈറ്റിയിലെ അംഗങ്ങൾ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടത്തുന്ന ഇ.ഡി സംഘമാണ് ബി.എസ്.എൻ.എൽ നിക്ഷേപത്തട്ടിപ്പ് കേസിലും പരിശോധന നടത്തിയത്.
തിരുവനന്തപുരം ജില്ലാ സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മുൻ ഭരണസമിതിയുടെ കാലത്താണ് ബി.എസ്.എൻ.എൽ സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ചത്. അന്നത്തെ സൊസൈറ്റി സെക്രട്ടറിയാണ് സി. അച്യുതമേനോൻ ഫൗണ്ടേഷന്റെയും സെക്രട്ടറി.
അതേസമയം, ഫൗണ്ടേഷൻ ബി.എസ്.എൻ.എൽ സഹകരണ സംഘത്തിൽ നിക്ഷേപിച്ച 18 ലക്ഷം രൂപ തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്. നിക്ഷേപകർ രൂപീകരിച്ച ബി.എസ്.എൻ.എൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ, നഷ്ടമായ നിക്ഷേപം തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജിയും സമർപ്പിച്ചിട്ടുണ്ട്.


