രജൗരി: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മേഖലയിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. പൊലീസ്, സൈന്യം, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രളയബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കനത്ത മഴയിൽ രജൗരിയിലെ പുതിയ ബസ് സ്റ്റാൻഡിന് കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. മഴ തുടരുന്നതിനാൽ അമർനാഥ് യാത്രയും വൈഷ്ണോ ദേവി തീർഥാടനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റിയാസി ജില്ലയിലെ സലാൽ ഡാമിന്റെ എല്ലാ ഗേറ്റുകളും തുറന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജൂലൈ 23 വരെ ജമ്മു കശ്മീരിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധ സ്ഥലങ്ങളിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.


