തിരുവനന്തപുരം: ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഈ ആഴ്ച ഒഴിവാക്കിയതിനെ സംബന്ധിച്ച മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമെന്ന് റസിഡന്റ് എഡിറ്റർ എം സ്വരാജ്. സാങ്കേതികമായ കാരണങ്ങളാലാണ് പതിപ്പ് അച്ചടിക്കാൻ കഴിയാതിരുന്നതെന്നും, ഇത് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
യന്ത്രത്തകരാര്‍ കാരണമാണ് വാരാന്തപ്പതിപ്പിന്റെ അച്ചടി പൂര്‍ത്തിയാകാത്തത്. പ്രചരിക്കുന്നതെല്ലാം വസ്തുതാ വിരുദ്ധമായ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ ഒരു യൂണിറ്റില്‍ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സില്‍ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റില്‍ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്. അതുകൊണ്ട് സമയബന്ധിതമായി അച്ചടി പൂര്‍ത്തിയാക്കാനും മറ്റും തടസ്സം നേരിട്ടു.
വിഎസ് അനുസ്മരണമുള്ള വാരാന്ത്യപതിപ്പ് ഒഴിവാക്കിയതെന്ന് വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇരുപത്തിയൊന്നാം തീയതി വിഎസിന്റെ അനുസ്മരണ സംബന്ധിയായ പ്രത്യേക പേജുണ്ടാവും. നാല് പേജുള്ള ഞായറാഴ്ച പതിപ്പിന്റെ ആദ്യ പേജിലാണ് കെ സുധാകരന്റെ വിഎസ്സിനെ കുറിച്ചുള്ള അനുസ്മരണമുള്ളത്. അവസാന പേജിലും അതുതന്നെയാണ്. അതല്ലാതെ പ്രചരിക്കുന്നതെല്ലാം തെറ്റാണ് എന്നും സ്വരാജ്
വ്യക്തമാക്കി.


