ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ ചികിത്സയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില സംബന്ധിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ അടിയന്തര ഹർജി പരിഗണിച്ച കോടതി, ഉടൻ ആശുപത്രി മാറ്റാൻ നിർദേശിക്കാതെ കേന്ദ്രത്തിന് നോട്ടീസ് നൽകുകയായിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
നിലവിൽ സഫ്ദർജംഗ് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്ചുകിനെ കുടുംബം നിർദേശിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതിയുണ്ടെന്നും വാങ്ചുക് ചികിത്സയോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, സഫ്ദർജംഗ് ആശുപത്രിയും വി.എം.എം.സി അധികൃതരും പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വാങ്ചുകിന് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്ന് അറിയിച്ചു.
ആശുപത്രിയിൽ കഴിയുന്നതിനിടെ ഭാര്യയിലൂടെ വാങ്ചുക് സമരക്കാർക്ക് സന്ദേശവും കൈമാറി. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്ന മാർച്ചിനെ “ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാർച്ച് വിജയിപ്പിക്കാൻ അനുയായികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമായ തിങ്കളാഴ്ച നടത്താനിരിക്കുന്ന മാർച്ചിന് ഡൽഹി പൊലീസിന്റെ അനുമതിയില്ല. ജന്തർ മന്തറിൽ പ്രതിഷേധം തുടരാനോ പാർലമെന്റിലേക്ക് മാർച്ച് നടത്താനോ ആവശ്യമായ അനുമതി സംഘാടകർ നേടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം 29-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അനുമതിയില്ലെങ്കിലും പാർലമെന്റ് മാർച്ച് നടത്തുമെന്ന നിലപാടിലാണ് സംഘടന.
ഇതിനിടെ, സമരത്തിൽ അക്രമം സൃഷ്ടിക്കാൻ ചിലർ പ്രതിഷേധക്കാരുടെ ഇടയിൽ കടന്നുകയറിയിട്ടുണ്ടെന്ന് സംഘടനയുടെ വക്താവ് ആരോപിച്ചു. സമരത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അനുയായികളോട് അഭ്യർഥിച്ചു.


