ചെന്നൈ: തമിഴ്നാട്ടിലെ സാത്താൻകുളം കസ്റ്റഡി മരണ കേസിൽ നിർണായക വിധി പ്രസ്താവിച്ച് കോടതി. അച്ഛനും മകനുമായ ജയരാജ് (59)നും ബെന്നിക്‌സ് (31)നും കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപത് പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. കൂടാതെ, ഇരകളുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാനും മധുര ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ഉത്തരവിട്ടു.
2020 ജൂൺ 19-ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി കട തുറന്നെന്നാരോപിച്ച് ജയരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ അച്ഛനെ അന്വേഷിച്ച് എത്തിയ മകൻ ബെന്നിക്‌സിനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ ക്രൂരമായി പീഡിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബെന്നിക്‌സ് ജൂൺ 22-നും ജയരാജ് ജൂൺ 23-നും ആശുപത്രിയിൽ മരിച്ചു.
സംഭവം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് പരിഗണിച്ചു. തുടർ അന്വേഷണം ആദ്യം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കും പിന്നീട് സിബിഐക്കും കൈമാറി.
അന്വേഷണത്തിൽ, പീഡനത്തിന് ഉപയോഗിച്ച ലാത്തിയിലും സ്റ്റേഷന്റെ ചുവരുകളിലും കണ്ടെത്തിയ രക്തക്കറകൾ ജയരാജിന്റെയും ബെന്നിക്‌സിന്റെയും ആണെന്ന് ന്യൂഡൽഹിയിലെ ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇരുവരെയും വിവസ്ത്രരാക്കി ക്രൂരമായി മർദിച്ചതായും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഈ മാർച്ച് 23-ന് പ്രതികളെ കുറ്റക്കാരായി കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ പീഡിപ്പിച്ചാണ് മരണം സംഭവിച്ചതെന്നും കോടതി വ്യക്തമാക്കി.




