എറണാകുളം: നാളെ കേരളം വിധിയെഴുതാൻ പോളിംഗ് ബൂത്തിലേക്ക് ചെല്ലുമ്പോൾ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. വികസന നേട്ടങ്ങളെ മുൻനിർത്തി മൂന്നാം സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷം തയ്യാറെടുക്കുമ്പോൾ വികസന വീഴ്ചകളാണ് ടീം യുഡിഫിന്റെ ആയുധം. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍ഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞ ജില്ലയാണ് എറണാകുളം. 14 സീറ്റുകളിൽ 9 സീറ്റുകളില്‍ ജയിക്കാന്‍ അന്ന് യുഡിഎഫിന് കഴിഞ്ഞു. 5 സീറ്റിലായിരുന്നു ഇടത് വിജയം.
ഭരണത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന യുഡിഎഫ് ഇക്കുറി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജില്ലയാണ് എറണാകുളം. പ്രതിപക്ഷ നേതാവിന്‍റെ സ്വന്തം ജില്ലയില്‍ പതിനാലില്‍ പതിനാല് സീറ്റും ജയിക്കാവുന്ന അന്തരീക്ഷമുണ്ടെന്ന് യുഡിഎഫ് വിലയിരുത്തുന്നു. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം അട്ടിമറികൾ ലക്ഷ്യമിട്ട് ഇടതുമുന്നണിയും, ട്വന്റി 20യുമായി ചേർന്ന് നേട്ടമുണ്ടാക്കാൻ എൻഡിഎയും രംഗത്തുണ്ട്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ എല്ലായിടത്തും നേടാന്‍ കഴിഞ്ഞ വമ്പിച്ച ഭൂരിപക്ഷവും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ച മുന്നേറ്റവുമാണ് ജില്ലയിലെ ഐക്യമുന്നണി പ്രതീക്ഷയുടെ അടിസ്ഥാനം.
എറണാകുളത്ത് ജയിക്കാന്‍ കഴിയാത്ത യുഡിഎഫ് കോട്ടകളൊന്നും ഇല്ലെന്നതാണ് ഇടതുപ്രതീക്ഷകളുടെ അടിസ്ഥാനം. ജില്ലയിലെ 14 മണ്ഡലങ്ങളും പല കാലങ്ങളില്‍ ജയിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം. ബിജെപിക്ക് പൊതുവില്‍ സ്വാധീനം കുറഞ്ഞ ജില്ലയാണ് എറണാകുളം. എന്നാല്‍ സംസ്ഥാനത്ത് ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞ രണ്ട് മുന്‍സിപ്പാലിറ്റികളിലൊന്ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ്. ഇക്കുറി ജില്ലയില്‍ കാര്യമായ സ്വാധീനമുളള ട്വന്‍റി ട്വന്‍റിയെ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത് നേട്ടമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. എറണാകുളം ഇത്തവണ ആരോടൊപ്പം നിൽക്കുമെന്നത് കണ്ടറിയാം.




