പാലക്കാട്: ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ച് ബിജെപി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭയാര്‍ഥിച്ചുകൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
യുഡിഎഫ് തരംതാഴ്ന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ചിറ്റൂരില്‍ നടത്തുന്നതെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോണ്‍ഗ്രസ് നാടകത്തിന് ചിറ്റൂര്‍ മറുപടി നല്‍കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.മുരുകദാസിന്റെ ചിഹ്നമായ ‘മോതിരം’ വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫിന് വോട്ട് നല്‍കണമെന്നും പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നു.
ബിജെപിയും എല്‍ഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ പരസ്യമായ തെളിവാണ് ഈ പോസ്റ്റെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ ആരോപിച്ചു. എന്നാല്‍ താന്‍ അറിഞ്ഞിട്ടല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാമെന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.




