തലശ്ശേരി: കേരളത്തെ നടുക്കിയ ചന്തേര സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് പെരളം കൊഴുമ്മൽ സ്വദേശി കെ. രാജേഷ് കുറ്റക്കാരനാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. ദൃക്സാക്ഷി മൊഴികൾക്കൊപ്പം അതിശക്തമായ ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നിരത്തി പ്രോസിക്യൂഷൻ നടത്തിയ വിചാരണക്കൊടുവിലാണ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്. കേസിൽ പ്രതിക്കുള്ള ശിക്ഷ ഈ മാസം പത്തിന് കോടതി വിധിക്കും. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ എന്നീ കുറ്റകൃത്യങ്ങളെല്ലാം പ്രതി ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു.
അങ്ങേയറ്റം ശാസ്ത്രീയമായ രീതിയിലായിരുന്നു വിചാരണ നടപടികൾ പുരോഗമിച്ചത്. പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാൾ പയ്യന്നൂരിലെ കടയിൽ നിന്ന് വാങ്ങുന്നത് മുതൽ, കൃത്യത്തിന് ശേഷം ബസ് സ്റ്റാൻഡ് പരിസരത്തെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതും കണ്ണൂർ പുതിയതെരുവിലെ ബാറിലിരുന്ന് മദ്യപിക്കുന്നതുമായ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ഈ നടുക്കുന്ന ദൃശ്യങ്ങൾ കണ്ട കോടതി മുറിയിലുണ്ടായിരുന്നവർ ഒരു നിമിഷം തരിച്ചുനിന്നു. കൊലപാതകത്തിന് ശേഷം പ്രതി പെരുമ്പപ്പുഴയിൽ ഉപേക്ഷിച്ച ആയുധം അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം മുങ്ങിയെടുത്തതും തുടർന്ന് ബാറിൽ വെച്ച് പോലീസ് പ്രതിയെ പിടികൂടുന്നതും വരെയുള്ള തെളിവുകൾ പ്രോസിക്യൂഷൻ അക്കമിട്ട് നിരത്തി. ഒന്നര വർഷത്തിനുള്ളിൽ വിധി വന്ന കേസിൽ വെറും 36 ദിവസങ്ങൾക്കുള്ളിലാണ് വിചാരണ പൂർത്തിയാക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി. ശ്രീഹരിയെ അഞ്ച് ദിവസം നീണ്ട വിസ്താരത്തിന് വിധേയനാക്കി. ദിവ്യശ്രീയുടെ പിതാവ് വാസു, സഹോദരി പ്രവിത, അയൽവാസിയായ ശശിമോഹൻ, പോസ്റ്റ്‌മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ ഡോ. ടി.എം. പ്രജിത്ത് എന്നിവരടക്കം 65 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 51 തൊണ്ടിമുതലുകളും 102 രേഖകളും വിചാരണ വേളയിൽ മാർക്ക് ചെയ്തു. 2011-ൽ പ്രണയിച്ച് വിവാഹിതരായവരായിരുന്നു രാജേഷും ദിവ്യശ്രീയും. എന്നാൽ രാജേഷിന്റെ നിരന്തരമായ മദ്യപാനവും കുടുംബകലഹവും കാരണം പിന്നീട് ഇവർ അകന്നു കഴിയുകയായിരുന്നു. വിവാഹബന്ധം വേർപെടുത്തുന്നതിനും താൻ നൽകിയ ഏഴ് ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനുമായി ദിവ്യശ്രീ കോടതിയെ സമീപിച്ചിരുന്നു. സംഭവദിവസം കുടുംബകോടതിയിൽ പോയി മടങ്ങി വന്ന ദിവ്യശ്രീ ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് രാജേഷ് വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത് നിരായുധയായ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു. ഈ കേസിനെ ‘അപൂർവ്വങ്ങളിൽ അപൂർവ്വമായി’ കണക്കാക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, തനിക്ക് 65 വയസ്സായ രോഗിയായ മാതാവുണ്ടെന്നും അവരെ സംരക്ഷിക്കാൻ മറ്റാരുമില്ലെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നുമാണ് പ്രതി കോടതിയിൽ അപേക്ഷിച്ചത്. കേരള പോലീസിലെ ഒരു ഉദ്യോഗസ്ഥ സ്വന്തം വീട്ടിൽ വെച്ച് ഭർത്താവിനാൽ കൊല്ലപ്പെട്ട ഈ കേസിന്റെ അന്തിമ വിധി അറിയാൻ കാത്തിരിക്കുകയാണ് നാട്.




