കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികളെ വിചാരണ ചെയ്യാൻ അനുമതി നൽകാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിബിഐ കേസിൽ പ്രതികളായ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സി.ബി.ഐ മൂന്ന് തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ സർക്കാർ ഈ അപേക്ഷകൾ തള്ളുകയായിരുന്നു.
ഇതിന് പിന്നാലെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കടകംപള്ളി മനോജ് ഹർജി നൽകി. ഈ ഹർജിയിലാണ് ഹൈക്കോടതി വിധി പറയുന്നത്. വാദത്തിനിടെ ജസ്റ്റിസ് എ. ബദറുദ്ദീൻ, പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം കോടതിക്ക് തന്നെ ലഭിക്കണമെന്ന അഭിപ്രായവും പ്രകടിപ്പിച്ചിരുന്നു. കേസിന്റെ വിധി ഇന്ന് നിർണായകമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.






