ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍. ബീഹാറിലെ ബക്സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിയതായും അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാനാണ് യുവാക്കള്‍ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.




