ന്യൂഡൽഹി: വരും ദിവസങ്ങളിൽ ഡൽഹിയിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത ബുധനാഴ്ചയോടെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്താനാണ് സാധ്യത. നഗരത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായു ഗുണനിലവാര സൂചിക ‘മിതമായ’ നിലയിൽ നിന്ന് ‘മോശം’ നിലയിലേക്ക് മാറാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
മാർച്ചിൽ ലഭിച്ച ചെറിയ മഴയ്ക്ക് പിന്നാലെ ഡൽഹിയിലെ താപനില ക്രമേണ ഉയരുകയാണ്. കഴിഞ്ഞ ആഴ്ച 28.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ഇത് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏപ്രിലിലെ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു. എന്നാൽ പിന്നീട് ചൂട് കുത്തനെ ഉയർന്നു. ശനിയാഴ്ച നഗരത്തിലെ പരമാവധി താപനില 34.7 ഡിഗ്രി സെൽഷ്യസായി. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 6 മുതൽ 7 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തൽ.
തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളില്ലാത്തതുമാണ് ചൂട് വർധിക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ തണുപ്പ് കുറയുന്നതോടെ വരണ്ട കാറ്റ് വീശുകയും ചൂട് കൂടുതൽ അനുഭവപ്പെടുകയും ചെയ്യും. മഴ ലഭിക്കാത്ത സാഹചര്യത്തിൽ സൂര്യതാപം കുറയാതെ തുടരുന്നതിനാൽ ഉഷ്ണതരംഗ സാധ്യത വർധിച്ചിരിക്കുകയാണെന്ന് സ്കൈമെറ്റ് വെതർ വ്യക്തമാക്കി.




