ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ രാഷ്രപതി പ്രതിഭ പാട്ടീൽ. ചരിത്രം കുറിക്കുന്ന ബില്ലെന്നാണ് പ്രതിഭ പാട്ടീൽ പറഞ്ഞത്. നാളെ നടക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ ബില്ല് ചർച്ചക്കെടുക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിത സംവരണം നടപ്പാക്കാനാണ് സർക്കാരിൻ്റെ നിർദ്ദേശം. സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം കൂടും എന്നാണ് സർക്കാർ ആദ്യം പറഞ്ഞിരുന്നത്. പക്ഷെ ബില്ലിൽ ഇത്തരത്തിൽ നിർദ്ദേശമില്ല. പക്ഷെ, സംസ്ഥാനങ്ങളിലെ സീറ്റ് ഒരേ രീതിയിൽ കൂട്ടാം എന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയ പ്രധാനമന്ത്രി കളവ് പറയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പ് പാലിക്കാതെയാണ് ബില്ല് കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിഭ പാട്ടീലിനൊപ്പം ബിഎസ്പി അദ്ധ്യക്ഷ മായാവതിയും ബില്ലിനെ അനുകൂലിച്ചു രംഗത്ത് വന്നു.




