ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കെ സി വേണുഗോപാലിന് ആവാമെങ്കിൽ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാൻ ഉള്ള നീക്കമാണ് സുധാകരൻ നടത്തുന്നതെന്നാണ് ബ്രിട്ടാസിന്റെ ആരോപണം. കോൺഗ്രസിന് താങ്ങും തണലുമായി കെ സി വേണുഗോപാൽ ഡൽഹിയിൽ ഉണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. മേയ് 4 വരെ സ്വപ്നം കാണാൻ അവർക്ക് അവകാശമുണ്ടെന്നും ബ്രിട്ടാസ് പരിഹസിച്ചു. വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്ലിനെതിരെയും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ലോക്സഭ ഉത്തരേന്ത്യയുടെ കൈകളിൽ എത്തിക്കാൻ ഉള്ള നീക്കമാണ് വനിതാ സംവരണം കൊണ്ട് നടപ്പിലാക്കാൻ പോകുന്നതെന്നും ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.




