ഇടുക്കി: കഞ്ഞിക്കുഴിയിൽ ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കഴിഞ്ഞ് രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പോലീസ് പിടികൂടി. രാജന്റെ മൃതദേഹം ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.




